ദൈവദശകം,വേദം നമ്മുടെ ആധാര ശില..സംശയനിവാരണം...പുതിയ ഓഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നു....UPANISHAD CLASSES AT DHARMAPEEDAM HALL,CALICUT UNIVERSITY CAMPUS ON EVERY TUSEDAY 5 PM.

Tuesday, December 25, 2012

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ


പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
വസന്തവല്ലോകഹിതം ചരന്തഃ
വിവേകചൂഢാമണി – 37
വസന്തകാലംപോലെ ലോകര്‍ക്ക് ഹിതം പ്രദാനം ചെയ്യുന്നവര്‍.
അര്‍പ്പണബോധത്തോടുകൂടി സ്വന്തമായൊരു നേട്ടവും ആഗ്രഹിക്കാതെ അന്യര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്ന സജ്ജനങ്ങളുടെ കാര്യമാണ് ആചാര്യന്‍ ഈ ദൃഷ്ടാന്തത്തിലൂടെ കാണിച്ചുതരുന്നത്. ഈ ലോകത്ത് അന്യന് ഗുണംചെയ്യുന്ന ധാരാളം ആള്‍ക്കാരെ നാം കാണാറുണ്ട്. നന്മചെയ്യുന്നവരാണ് തങ്ങളെന്ന് വിളിച്ചുകൂവാറുണ്ട്. സ്വയം സ്വീകരണയോഗങ്ങളും അനുമോദനയോഗങ്ങളും സജ്ജമാക്കാറുണ്ട്. ശ്രീ ശങ്കരന്റെ ദൃഷ്ടിയില്‍ ഇവര്‍ സജ്ജനങ്ങളല്ല. എന്നാല്‍ ആവശ്യപ്പെടുകപോലും ചെയ്യാതെ അന്യന് വേണ്ടി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരാണ് സജ്ജനം. തങ്ങളുടെ സത്കര്‍മ്മങ്ങളാല്‍ അന്യര്‍ സന്തോഷിക്കുന്നതുകണ്ടുള്ള കൃതാര്‍ത്ഥതയാണ് ഇവരുടെ കൈമുതല്‍. ദുഃഖത്തില്‍ ആണ്ടുകിടക്കുന്ന അനേകംപേര്‍ക്ക് ശാന്തിയും സമാധാനവും സമ്മാനിക്കാന്‍ ഈ ഹൃദയാലുക്കളായ ഈ മഹാന്മാര്‍ക്ക് കഴിയുന്നു.
ഇത്തരത്തിലുള്ള മഹാന്മാരുടെ സത്കര്‍മ്മങ്ങളെ വസന്തകാലത്തിന്റെ നൈസര്‍ഗ്ഗിക പ്രവൃത്തികളോടാണ് ശ്രീ ശങ്കരന്‍ തുലനം ചെയ്യുന്നത്. വസന്തകാലം അന്യ ഋതുക്കളെ അപേക്ഷിച്ച് ഒരു സന്തുലിതമായ കാലവസ്ഥ പ്രദാനം ചെയ്യുന്നു. വലിയചൂടോ തണുപ്പോ ഇല്ലാത്ത പൂവിന്റെ നറുമണം പേറുന്ന അന്തരീക്ഷം അതിന്റെ മാത്രം സംഭാവനയാണ്. മറ്റുള്ള ഋതുക്കളെല്ലാം ചൂടോതണുപ്പോ മഴയോ പ്രദാനം ചെയ്യും. ഇവ ഏതെങ്കിലും തരത്തില്‍ പ്രാണീസമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണ്. വസന്തകാലം പ്രാണീവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്നത് ആ ഋതുവിന് ഒരു ലാഭവും ഉണ്ടാക്കാനായിട്ടില്ല. ഇതുപോലെയാണ് മഹാന്മാരും, ജനക്ഷേമകരമായ പ്രവൃത്തിയില്‍ മുഴുകുന്നത് നിസ്വാര്‍ത്ഥമായിട്ടാണ്. ഉപഭോക്താക്കളുടെ നന്ദിവാക്കുകളോ കടപ്പാടിന്റെ സൂചകമായ അവരുടെ ഒരു നോട്ടംപോലും ഇവര്‍ ആഗ്രഹിക്കുന്നില്ല. പ്രതീക്ഷിക്കുന്നുമില്ല. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എന്നനിലയില്‍ ഒരിക്കലും അവര്‍ സ്വയം അവതരിപ്പിക്കപ്പെടാറുമില്ല. തങ്ങള്‍ ഒന്നും ചെയ്തില്ല എന്നോണം അവര്‍ ശാന്തചിത്തരായി ജീവിക്കുന്നു. അന്യനുവേണ്ടി വിയര്‍പ്പുചിന്താന്‍ അവസരം കിട്ടിയതില്‍ അവര്‍ അഭിമാനിക്കുന്നുണ്ടാവും. ലാഭേച്ഛകൂടാതെ ആവശ്യപ്പെടാതെ അന്യനു ഗുണംചെയ്യുന്ന ഈ സ്വഭാവം വസന്തകാലത്തിന്റേതുപോലെയാണെന്ന ശ്രീശങ്കരന്റെ കണ്ടെത്തല്‍ ശാന്തമായ പ്രകൃതിയോടുള്ള ആചാര്യന്റെ ഒരു ആരാധനാഭാഗം കൂടിയാണ്.
മഹത്തുക്കളുടെ നന്മയും കഴിവുമെല്ലാം അവര്‍ക്കുവേണ്ടിമാത്രമല്ല മറിച്ച് പൊതുനന്മയ്ക്കുകൂടിവേണ്ടിയുള്ളതാണെന്നുള്ള തത്ത്വം ഈ ദൃഷ്ടാന്തത്തില്‍ അടങ്ങിയിരിക്കുന്നു. ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീ ശങ്കരന്‍ സിദ്ധന്മാരുടെ നേരെയും വിരല്‍ചൂണ്ടുകയാണ്. അവര്‍ ഉള്‍ക്കൊണ്ട ജ്ഞാനം അവരില്‍ മാത്രം ഒതുങ്ങിനില്‍ക്കാനുള്ളതല്ല. അവരുടെ ജീവിതം ജനക്ഷേമത്തിനുള്ളതാകണം. പൊതുനന്മയെ ഉദ്ദേശിച്ച് പ്രവൃത്തിക്കുവാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. വാസ്തവത്തില്‍ ശ്രീശങ്കരന്‍ അദ്ദേഹത്തെതന്നെ ഇവിടെ വെളിപ്പെടുത്തുകയാണ്. ആത്യന്തികമായ സത്യം ഉള്‍ക്കൊണ്ട ഒരു സന്യാസിവര്യനായിരുന്നല്ലോ അദ്ദേഹം. അതില്‍ സന്തുഷ്ടനായ അദ്ദേഹം ഒതുങ്ങിയിരുന്നില്ല. ആചാര്യപാദര്‍ കന്യാകുമാരിമുതല്‍ ഹിമാലയംവരെ കാല്‍നടയായി സഞ്ചരിച്ചു. താന്‍ ഉള്‍ക്കൊണ്ട വിജ്ഞാനവിഭവങ്ങള്‍ പൊതുനന്മയ്ക്കായി ആയിരമായിരങ്ങള്‍ക്ക് ആവോളം വിളമ്പിക്കൊടുക്കുകയും ചെയ്തു. വരും തലമുറയ്ക്കുവേണ്ടി വിജ്ഞാനനിധിയുടെ സഞ്ചിതനിക്ഷേപവും ഒരുക്കിവച്ചു. ഒരുവന്‍ ആര്‍ജ്ജിച്ച ജ്ഞാനം അവനുവേണ്ടിമാത്രമുള്ളതല്ല അത് അന്യനുവേണ്ടിക്കൂടിയുള്ളതാണ്. ആരും ആവശ്യപ്പെടാതെ അതുകൊടുക്കാം വസന്തകാലത്തിന്റെ ദൃഷ്ടാന്തം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.


Read more: http://punnyabhumi.com/news-16593#ixzz2G5OrZcqT

No comments:

Post a Comment